FAQ
ആര്‍ക്കൊക്കെ രക്തദാനം ചെയ്യാം?
ശാരീരികമായും മാനസികമായും ആരോഗ്യമുള്ള ഏതൊരാള്‍ക്കും രക്തദാനം ചെയ്യാം. 45 കിലോഗ്രാമിനു മുകളില്‍ തൂക്കം ഉള്ളവരും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12.5 ഗ്രാമിനു മുകളിലുള്ളവര്‍ക്കും 18 നും 60 നും മദ്ധ്യേ പ്രായമുള്ള സ്ത്രീക്കും പുരുഷനും രക്തദാനം നടത്താം. ആരോഗ്യമുള്ള പ്രായപൂര്‍ത്തിയായ ഒരാളിന്റെ ശരീരത്തില്‍ 5 ലിറ്റര്‍ രക്തം (70 ml /kg) ഉണ്ടാകും. ഇതില്‍ ഒരു കിലോ ഗ്രാമിന് 50 മി. ലി. എന്ന തോതിലുള്ള രക്തമേ, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി നമുക്ക് വേണ്ടിവരുന്നുള്ളൂ. ബാക്കി വരുന്ന രക്തം ശരീരത്തില്‍ അധികമായി (surplus) സൂക്ഷിച്ചിരിക്കുന്നു. ഇങ്ങനെ അധികമുള്ള രക്തത്തില്‍ നിന്നു കിലോ ഗ്രാമിന് 8 ml വെച്ച് ദാനം ചെയ്യുക വഴി ആരോഗ്യത്തിനു യാതൊരുവിധ ദോഷവും സംഭവിക്കുന്നില്ല. എപ്പോഴും ഓര്‍മ്മിക്കേണ്ട ഒരു കാര്യം, നമുക്ക് നഷ്ടപ്പെടുന്നത് ½ പൈന്റ് രക്തം; എന്നാല്‍, നേടുന്നതോ ഒരു ജീവനും! ഒരാളില്‍ നിന്നും 350 ML രക്തമാണ് ഒരു സമയം ശേഖരിക്കുന്നത്.
രക്തദാനം നടത്തിയാലും ഇല്ലെങ്കിലും നിങ്ങളുടെ ശരീരത്തില്‍ പഴയകോശങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പ്രകൃത്യാ നശിപ്പിക്കപ്പെടുകയും പുതിയവ ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്തുകൊണ്ടേയിരിക്കും. അതേസമയം പുതിയ കോശങ്ങളുടെ ഉല്‍പ്പാദനത്തിന് രക്തദാനം പ്രചോദനമാകുന്നു. രക്തം നല്‍കി അല്‍പ്പസമയത്തിനുള്ളില്‍ രക്തക്കുഴലുകള്‍ അവയുടെ വലിപ്പം (വ്യാസം) ക്രമപ്പെടുത്തുകയും എപ്പോഴും അവ നിറഞ്ഞിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. കോശങ്ങള്‍ അവയിലെ ദ്രാവകം രക്തത്തിലേക്ക് ഒഴുക്കിവിടുന്നു. അങ്ങനെ 24 മുതല്‍ 36 വരെ മണിക്കൂറുകള്‍ക്കകം രക്തത്തിന്റെ അളവ് പൂര്‍വസ്ഥിതിയിലെത്തുന്നു. രക്തദാനത്തിനും മുമ്പുള്ള ഹീമോഗ്ലോബിന്റെ അളവ്, രക്തം നല്‍കി 3 മുതല്‍ 4 വരെ ആഴ്ചകള്‍ക്കകം ക്രമീകരിക്കപ്പെടുന്നു. അതായത് ഒരുമാസത്തിനകം നിങ്ങളുടെ രക്തം രക്തദാനത്തിനു മുമ്പുള്ള അവസ്ഥയില്‍ എത്തുന്നു. എന്നാലും ചുരുക്കം ചിലരിലെങ്കിലും വിളര്‍ച്ച ബാധിക്കാതിരിക്കാനാണ് രക്തദാനം മൂന്നുമാസത്തിലൊരിക്കല്‍ എന്ന് നിജപ്പെടുത്തിയിരിക്കുന്നത്.
രക്തദാനം പാടില്ലാത്തത് ആര്‍ക്കൊക്കെ?
- സുരക്ഷിതമായ രക്തദാനത്തിനു ഏറ്റവും പ്രധാനം ദാതാക്കളെ ശരിയായ രീതിയില്‍ തിരഞ്ഞെടുക്കുക എന്നതാണ്. രക്തദാനം ധാതാവിന്റെ ആരോഗ്യത്തെ ബാധിക്കുകയോ സ്വീകര്‍ത്താവിനു രക്തത്തില്‍ക്കൂടി പകരുന്ന രോഗങ്ങള്‍ പിടിപെടാനോ ഇടയാക്കരുത്.
- മലമ്പനി പിടിപ്പെട്ടിട്ടുള്ള ആള്‍ അസുഖം ഭേദമായി കഴിഞ്ഞും മൂന്നു വര്‍ഷത്തേക്ക് രക്തദാനത്തിനു അയോഗ്യനാണ്. ഈ രോഗം പടര്‍ന്നുപ്പിടിച്ചിട്ടുള്ള ഇടങ്ങളില്‍ (endemic) പോകേണ്ടി വന്നിട്ടുള്ള ആള്‍ ആറുമാസത്തേക്ക് രക്തദാനം നടത്താന്‍ പാടില്ല.
- മഞ്ഞപ്പിത്തം പിടിപ്പെട്ടു ഒരു വര്‍ഷത്തേക്ക് രക്തദാനം പാടില്ല. അതുപോലെ തന്നെ മഞ്ഞപ്പിത്തബാധയുള്ള രോഗികളെ പരിചരിക്കുന്ന ആളും ഒരു വര്‍ഷത്തേക്ക് രക്തദാനം നടത്തുന്നതില്‍ നിന്ന് പിന്തിരിയേണ്ടതാണ്.
- ചില മരുന്നുകള്‍ കഴിച്ചു കൊണ്ടിരിക്കുന്നവരെ അസുഖത്തിന്റെ സ്വഭാവം, കഴിക്കുന്ന മരുന്ന്, എന്നിവയുടെ അടിസ്ഥാനത്തില്‍ രക്തദാനത്തില്‍ നിന്ന് താല്‍ക്കാലികമായി ഒഴിച്ച് നിറുത്തിയിരിക്കുന്നു.
- രക്തസമ്മര്‍ദ്ദം 180/100 mmHgക്ക് താഴെ ആയിരിക്കേണ്ടതാണ്. രക്തമര്‍ദ്ദം ഈ അളവില്‍നിന്നും കൂടുതലുള്ള വ്യക്തിയെ രക്തദാനത്തില്‍ നിന്ന് താല്‍കാലികമായി ഒഴിച്ച് നിര്‍ത്തുന്നു. കാരണം, രക്തദാനസമയത്ത് രക്തമര്‍ദ്ദത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ വ്യക്തിയെ പ്രതികൂലമായി ബാധിക്കാം.
- പ്രമേഹ രോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ഉളവായിട്ടുള്ള വ്യക്തികള്‍ പൊതുവേ രക്തദാനതിനു യോഗ്യരല്ല.
- ചികിത്സയില്‍ കഴിയുന്ന ഹൃദ്രോഗികള്‍,ക്ഷയരോഗ ലക്ഷണം പ്രകടമായിട്ടുള്ളവര്‍, കരള്‍ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍, നിയന്ത്രണാതീതമായി ആസ്മ പിടിപ്പെട്ടിട്ടുള്ളവര്‍ ഇവര്‍ രക്തം നല്‍കാന്‍ പാടില്ല.
- ഗുഹ്യരോഗമുള്ളവര്‍ രോഗബാധ ചികിത്സിച്ചു മാറ്റി ഒരു വര്‍ഷക്കാലത്തേക്ക് രക്തദാനം നടത്താന്‍ പാടുള്ളതല്ല.
- ദന്തരോഗചികിത്സയ്ക്ക് വിധേയരാകുന്നവര്‍ പ്രസ്തുത ചികിത്സ നടത്തിയ ശേഷം മാത്രമേ രക്തദാനം നടത്താവൂ.
- ഏതെങ്കിലും രോഗലക്ഷണമുള്ളവര്‍ അസുഖം ഭേദമായിട്ടും, പ്രധാനപ്പെട്ട ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരും രക്തം സ്വീകരിച്ചിട്ടുള്ളവരും ആറു മാസത്തിനുശേഷവും മാത്രമേ രക്തദാനം നടത്താവൂ.
- സ്ത്രീകള്‍ ഗര്‍ഭധാരണ സമയത്തും മുലയൂട്ടുന്ന അവസരത്തിലും രക്തദാനം നടത്താന്‍ പാടില്ല.
- ചെറിയ മുറിവുകളില്‍ നിന്ന് അമിതമായ രക്തസ്രാവം ഉണ്ടാവുകയും അത് നിശ്ചിത സമയത്തിനുള്ളില്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്ന വ്യക്തികളും രക്തദാനം ചെയ്യാന്‍ പാടില്ല.
രക്തദാനത്തിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യം
1. തലേദിവസം ഉറക്കം കിട്ടിയിരിക്കണം
2. രാവിലെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം
ഒരിക്കലും രക്തദാനം ചെയ്യാന്‍ പാടില്ലാത്തവര്‍
- മഞ്ഞപ്പിത്തത്തിന്റെ ‘ബി’ വൈറസുകളെ ‘സി’ വൈറസുകളെ ബാധിച്ചിട്ടുണ്ടെന്ന് (HEPATITIS B or C) രക്ത പരിശോധനയില്‍ തെളിച്ചിട്ടുള്ള വ്യക്തികള്‍.മുന്‍പ് തന്റെ രക്തം സ്വീകരിച്ച ആളില്‍ മഞ്ഞപ്പിത്തബാധ ഉണ്ടായിട്ടുള്ളതായി അറിവുള്ളവര്‍
- അപസ്മാരരോഗമോ മനസികാസ്വാസ്ഥ്യമോ ഉള്ള ആള്‍
- എച്ച്.ഐ.വി. പോസ്സിറ്റീവ് ആണെന്ന് തെളിഞ്ഞിട്ടുള്ളവര്‍
- എയിഡ്‌സ് (AIDS) ഉണ്ടെന്നു സംശയിക്കുന്ന ആളുകളില്‍ പ്രകടമായി കാണുന്ന ലക്ഷണങ്ങള്‍ ഉള്ളവര്‍.(ഉദാ:വിട്ടുമാറാത്ത പനി, അകാരണമായി ശരീരഭാരം കുറയുക, ഗ്രന്ഥിവീക്കം, തുടര്‍ച്ചയായിട്ടുള്ള വയറിളക്കം, സ്ഥായിയായ ചുമ, ശ്വാസതടസ്സം.)
- മയക്കുമരുന്നിന്റെ അടിമകള്‍.
നിങ്ങള്‍ നല്‍കുന്ന രക്തത്തിന് എന്ത് സംഭവിക്കുന്നു?
നിങ്ങള്‍ നല്‍കിയ രക്തം പലവിധ പരിശോധനകള്‍ക്ക് വിധേയമാകുന്നു
1.രക്ത ഗ്രൂപ്പ് നിര്‍ണ്ണയം,
2.പ്രതിവസ്തുക്കളുടെ (ANTIBODY) പരിശോധന
3.രക്തംവഴി സ്വീകര്‍ത്താവിനു പകരാവുന്ന അസുഖങ്ങള്‍
4.സ്വീകര്‍ത്താവിന്റെ രക്തത്തോട് ദാനം ചെയ്യപെട്ട രക്തം ചേരുമോ എന്ന് കണ്ടുപിടിക്കല്‍ തുടങ്ങി നിരവധി പരിശോധനകള്‍ നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത രക്തബാങ്കുകളില്‍ നിന്നും രക്തം നമുക്ക് സൗജന്യമായാണ് ലഭിക്കുന്നതെങ്കിലും ഒരു യൂണിറ്റ് രക്തം നാലഞ്ചു ടെസ്റ്റുകള്‍ക്കു വിധേയമാകുമ്പോഴേക്കും 650 രൂപയോളം ചെലവ് വരുന്നുണ്ട്.
രക്തം അപ്രകാരംതന്നെയോ (WHOLE BLOOD TRANSFUSION) അല്ലെങ്കില്‍ അതിനെ ഘടകങ്ങളായി വേര്‍തിരിച്ചോ ഉപയോഗിക്കുന്നു.
നാം നല്‍കുന്ന ഒരു യൂണിറ്റ് രക്തത്തില്‍ നിന്നും ഘടകങ്ങള്‍ വേര്‍തിരിക്കുക വഴി ഒന്നിലധികം രോഗികള്‍ക്ക് അത് ഉപയോഗിക്കാന്‍ കഴിയും. താഴെ പറയും വിധമാണ് അവ സാധാരണയായി വേര്‍തിരിക്കുന്നത്.
ക്രോസ്മാച്ചിംഗ്
രക്തം നല്‍കുന്നതിനുമുന്‍പ് ദാതാവിന്റെ രക്തവും സ്വീകര്‍ത്താവിന്റെ രക്തവും തമ്മിലുള്ള ചേര്‍ച്ച നോക്കുന്ന പ്രക്രിയയാണ് ക്രോസ് മാച്ചിംഗ്.
ABO രക്തഗ്രൂപ്പുകളിലെ ആന്റിബോഡികള്‍ ജനിച്ച് ആറേഴു മാസം പ്രായം ആകുമ്പോള്‍ മുതല്‍ ശിശുവിന്റെ രക്തത്തില്‍ ഉത്പാദിപ്പിച്ചു തുടങ്ങുന്നു. രക്തം നല്‍കുമ്പോള്‍ ഒരേ ഗ്രൂപ്പില്‍പ്പെട്ട രക്തം [ABO യും Rh ഘടകവും] തന്നെ നല്‍കിയില്ലെങ്കില്‍ രക്തം സ്വീകരിക്കുന്ന രോഗിയുടെ പ്ലാസ്മയില്‍ അടങ്ങിയിരിക്കുന്ന ആന്റിബോഡിയുമായി സ്വീകരിക്കുന്ന രക്തം പ്രതിപ്രവര്‍ത്തിച്ചു, സ്വീകരിക്കുന്ന ആളിന് മരണം വരെ സംഭവിക്കാന്‍ കാരണമാകുന്നു. അതൊഴിവാക്കാനാണ് ക്രോസ് മാച്ചിംഗ് ചെയ്യുന്നത്.
സ്വന്തമായി ആന്റിജനുകള്‍ ഇല്ലാത്ത ‘O’ നെഗറ്റീവ് ഗ്രൂപ്പിലുള്ള രക്തം, സ്വീകര്‍ത്താവിന്റെ രക്തവുമായി പ്രതിപ്രവര്‍ത്തിക്കാത്തതിനാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ക്രോസ്മാച്ച് ചെയ്യാതെയും നല്‍കാറുണ്ട്. ആര്‍ക്കും കൊടുക്കാവുന്ന ഗ്രൂപ്പായതിനാല്‍ O NEGATIVE ഗ്രൂപിനെ ‘സാര്‍വത്രിക ദാതാവ്’ (UNIVERSAL DONOR) എന്നും വിളിക്കാറുണ്ട്. അതുപോലെ സ്വന്തമായി ആന്റിബോഡികള്‍ ഇല്ലാത്ത AB ഗ്രൂപ്പിന് ആരില്‍ നിന്നും രക്തം സ്വീകരിക്കാനും സാധിക്കും. അതുകൊണ്ട് AB ഗ്രൂപ്പിനെ ‘സാര്‍വത്രിക സ്വീകര്‍ത്താവ്’ (UNIVERAL RECIPIENT) എന്നും വിളിക്കാറുണ്ട്.
സന്നദ്ധ രക്തദാനത്തിന്റെ ഗുണങ്ങള്‍
1. സന്നദ്ധ രക്തദാതാവ് അവര്‍ക്ക് ആരോഗ്യവാനാണെന്നു പൂര്‍ണബോധ്യമുണ്ടെങ്കില്‍ മാത്രമേ രക്തം ദാനം ചെയ്യുകയുള്ളൂ.
2. ആവശ്യമുള്ള സമയത്ത് സുരക്ഷിത രക്തത്തിന്റെ ലഭ്യത രക്തബാങ്കുകളില്‍ ഉറപ്പാകുന്നു.
3. അത്യാവശ്യഘട്ടത്തില്‍ രക്തത്തിനായി നെട്ടോട്ടമോടുന്ന സാഹചര്യം ഇല്ലാതാകുന്നു.
4. പ്രതിഫലം വാങ്ങി രക്തം കൊടുക്കുന്ന സ്ഥിതി വിശേഷം ഇല്ലാതാകുന്നു.
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ
ഫോളിക്ക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിൽ ചുവന്ന രക്താണുക്കൾ വർദ്ധിക്കാൻ സഹായിക്കുന്നു. പീനട്ടസ്, പഴം, ബ്രോക്കോളി, വെണ്ടയ്ക്ക പോലുള്ളവയിൽ ഫോളിക്ക് ആസിഡ് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഫോളിക്ക് ആസിഡിന്റെ കുറവ് രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുന്നതിന് കാരണമാകുന്നു
മാതളം ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ഏറ്റവും നല്ലൊരു പഴമാണ്.വിറ്റാമിൻ സി, കെ, ബി, കാര്‍ബോഹൈഡ്രേട്സ് തുടങ്ങിയ നിരവധി പോഷകങ്ങളടങ്ങിയിരിക്കുന്നു. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. അതിനാൽ ദിവസവും ഒരു കപ്പ് മാതളം ജ്യൂസ് കുടിക്കുവാൻ ശ്രമിക്കുക
ഈന്തപ്പഴം ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നതിനോടൊപ്പം കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. അന്നജം, റൈബോഫ്‌ളാബിന്‍, കാത്സ്യം, അയേൺ എന്നിവ ഈന്തപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഫെെബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ്
BDK
ABOUT US
Once in every 2 seconds, someone somewhere is desperately in need of blood.
More than 29 million units of blood components are transfused every year.
Each year, we could meet only up to 1% (approx) of our nation’s demand for blood transfusion.
Team BDK have successfully managed to coordinate each blood request received so far and extend a hand of support for the recipients who were desperately running for a unit of blood.